കാത്തുനില്‍ക്കുന്നതാരെ

ഓരോന്നായണയുന്നു താരക,ളുദി-

ക്കുന്നതില്ലൊന്നുമല്ലില്‍.

ഓരോന്നായ് പൊലിയുന്നു പൂക്കള്‍, കരളില്‍

പുത്തുലഞ്ഞില്ലയൊന്നും.

ഒരോന്നായ് പിരിയുന്നു നാള്‍ക്കിളി, പറ-

ന്നെത്തിടുന്നില്ല വീണ്ടും.

നേരം തോര്‍ന്നു, മടങ്ങ നമ്മ,ളിനിയും

കാത്തുനില്‍ക്കുന്നതാരെ?

2.4.05

Published in: on നവംബര്‍ 20, 2008 at 12:41 pm  ഒരു അഭിപ്രായം ഇടൂ  

ആലസ്യം

ദുരത്തെതോ മുരളികയിടറീ:

‘കണ്ണനെക്കണ്ടൊ നിങ്ങള്‍?’

ശംഖാക്രന്ദം: ‘തിരുമൊഴിയെവിടെ?’

-മൌനിയായ് യുദ്ധഭൂമി;

‘പോയ്, എപ്പോഴേ! മുടിയിവനരുളി-

ക്കല്പസായന്തനത്തില്‍;

പോകാതെന്താര്യര്‍?-നൃപതി കലി ഞാന്‍’

-ഉത്തമോരാത്രിയോതി.

16.1.04

Published in: on നവംബര്‍ 20, 2008 at 12:30 pm  ഒരു അഭിപ്രായം ഇടൂ  

മാതൃത്വം

പൊല്‍ത്താരങ്ങളെ നൊന്തുപെ,റ്റയി മുല-

പ്പാലൂട്ടി, താരാട്ടിയും

മെല്ലെപ്പിച്ച നടത്തിയും വഴിവിള-

ക്കായും കരുത്തായുമീ

വിശ്വത്തിന്നുയിരായ് വിളങ്ങുമമല-

സ്സത്താകുമീശത്വമേ

ശശ്വല്‍ മാതൃവികാരമേ തൊഴുതിടാം;

നിന്നെക്കഴിച്ചാരു ഞാന്‍!

8.11.02

കാണി

ആട്ടം കണ്ടേ രസിപ്പാനിവിടിവനയി വ-

ന്നെത്തി; പക്ഷെ,ക്കലാശ-

ക്കൊട്ടും കേട്ടേ മടങ്ങാനിടവരുവതു ഹാ

കഷ്ടമല്ലോ;സദസ്സിന്‍

കൂട്ടും വിട്ടേ മയക്കപ്പിശകിനടിപെടാ-

നായി വട്ടത്തിലായി!

അജ്ഞാതം -കഷ്ട!-മുണ്ടോ കളി പുനരിഹ വാ-

ഴ്വിന്റെ കൂത്തമ്പലത്തില്‍?

5.6.02

Published in: on നവംബര്‍ 18, 2008 at 12:11 pm  ഒരു അഭിപ്രായം ഇടൂ  

എന്തു ഞാന്‍ തെറ്റു ചെയ്തു

വെള്ളം!വെള്ളം! തളര്‍ന്നൂ; കനവുകള്‍ കനമായ്ത്തീര്‍ന്നു

വയ്യാ നടപ്പാന്‍

ഉള്ളം കാളുന്നു നോവാല്‍; മുകളിലെരിമുകില്‍

മുള്‍ത്തലപ്പാ‍വ് ; കാലില്‍

എന്നെത്താഴ്ത്തും ജഡച്ചങ്ങല; ചുമല്‍കളിലി-

ക്രൂശുമായ് കൂര്‍ത്ത വാഴ്വിന്‍

കുന്നേറാന്‍ ഹാ! പിതാവേ! പറയുക,യതിനാ-

യെന്തു ഞാന്‍ തെറ്റുചെയ്തു!

30.8.03

Published in: on നവംബര്‍ 14, 2008 at 12:42 pm  ഒരു അഭിപ്രായം ഇടൂ  

രാവ്

അന്തിത്താരകളില്ല ജീവിതനിശ-

യ്ക്കാശ്വാസമേകാന്‍, സുധാ-

സ്പന്ദം ചേര്‍ന്ന നിശാധിപന്റെ നിഴലും

കാണ്മീല, നീരാട്ടിനായ്

വൃന്ദാരണ്യലതാതുഷാരപുളകം

പൂണ്ടെത്തിയില്ലാ കുളിര്‍-

ക്കാറ്റും; ഹാ! കരിരാവിതിന്‍ മദമൊലി-

ച്ചിറ്റുന്നുവോ പ്രജ്ഞയില്‍!

1.7.04

കാളിദാസപദപുഷ്പരാഗമാം

താരകാഗ്രഹണമാഗ്രഹിച്ചുപോയ്

ബാലകൈതവ ;മതിന്‍ ഫലങ്ങളീ

പാഴ്പ്പഴമ്പവിഴമുക്തകാവലി:-

Published in: on നവംബര്‍ 14, 2008 at 10:44 am  ഒരു അഭിപ്രായം ഇടൂ  
Tags:
Follow

Get every new post delivered to your Inbox.